കൊച്ചി: തമിഴ്‌നാട്ടില്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സസ്‌പെന്‍സ് ത്രില്ലര്‍ ‘വീ’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മ്മിച്ചതാണ് ഈ തമിഴ് ചിത്രം.
ആഴ്ചാവസാനത്തെ അവധി ആഘോഷിക്കാന്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബംഗളൂരുവില്‍ നിന്നും യാത്ര ആരംഭിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പ്രണയവും തമാശകളും ഒക്കെ നിറഞ്ഞ യാത്രയ്ക്കിടെ അതിലൊരാള്‍ പുതിയതായി പുറത്തിറങ്ങിയ ഒരു ആപ്പിനെ കുറിച്ച് പറയുന്നു. ജനന തീയതി നല്‍കിയാല്‍ മരണ തീയതി അറിയാന്‍ സാധിക്കുമെന്നതായിരുന്നു ആപ്പിന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാന്‍ അവര്‍ക്ക് അറിയുന്ന മരിച്ചുപോയ ചിലരുടെ ജനന തീയതി നല്‍കി പരിശോധിക്കുന്നു.
ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൗതുകം തോന്നിയ അവര്‍ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നല്‍കിയപ്പോള്‍ അവരുടെ മരണ തീയതിയായി കണ്ടത് അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസമായിരുന്നു. പിന്നീട് അവര്‍ ഒരു റിസോര്‍ട്ടില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതുമായ അവസ്ഥകളിലൂടെ മുന്നോട്ടുപോകുന്ന ആ സംഘം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കഥയാണ് ‘വീ’ പറയുന്നത്. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നിവിടങ്ങളിലായിരുന്നു ‘വീ’യുടെ ചിത്രീകരണം.
സംവിധായകന്‍ ഡാവിഞ്ചി ശരവണനും ഛായാഗ്രഹകന്‍ അനില്‍. കെ. ചാമിയും അടങ്ങുന്ന സംഘം അതി സാഹസികമായും സാങ്കേതികത്തികവോടെയും ആണ് ‘വീ’ ഷൂട്ട് ചെയ്തിരിക്കുന്നത്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഡാവിഞ്ചി ശരവണന്‍ ആണ് ‘വീ’യുടെ രചയിതാവ്. സംഗീതം: ഇളങ്കോ കലൈവാണന്‍, എഡിറ്റിംഗ്: വി.ടി. ശ്രീജിത്ത്, മാര്‍ക്കറ്റിംഗ് ഡിസൈനര്‍: എം.ആര്‍.എ.രാജ്, പി.ആര്‍.ഒ: അയ്മനം സാജന്‍.
രാഘവ്, ലതിയ, സബിത ആനന്ദ്, ആര്‍.എന്‍.ആര്‍ മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ, റിനീഷ്, ദിവ്യന്‍, ദേവസൂര്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങിയതെന്ന് ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ഉടമയും മലയാളിയുമായ രൂപേഷ് കുമാര്‍ പറഞ്ഞു.
Leave a Comment