ബിനീഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം; ലഹരിക്കടത്തുകാരെ സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാന്‍ ; സര്‍ക്കാര്‍ കരാറുകള്‍ വാഗ്ദാനം ചെയ്ത് കമ്മീഷന്‍ പറ്റി

കൊച്ചി : സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ഇപ്പോഴും ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാണ്.

ലഹരിക്കടത്തു കേസില്‍ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുമായി ബിനീഷ് കോടിയേരി ബന്ധം സ്ഥാപിച്ചതും പണം നല്‍കി സഹായിച്ചതും കള്ളപ്പണം വെളുപ്പിക്കാനായാണെന്ന് ഇ.ഡി. കണ്ടെത്തി. ബിനീഷിന്റെ ബിനാമിയാണ് അനൂപ് മുഹമ്മദെന്ന് ഇ.ഡി. നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

കേരള സര്‍ക്കാരിലുള്ള വിപുലമായ സ്വാധീനമുപയോഗിച്ച് വിവിധ കരാറുകള്‍ തരപ്പെടുത്താന്‍ കഴിയുമെന്നു പലരോടും അവകാശപ്പെടുകയും കമ്മീഷന്‍ പറ്റുകയും ചെയ്തു. മൂന്നു മുതല്‍ നാലു വരെ ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നെന്ന ചിലരുടെ മൊഴികള്‍ കുറ്റപത്രത്തിലുണ്ട്.

ഏഴു വര്‍ഷത്തിനിടെ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തി. ഇതില്‍ 1.22 കോടി രൂപയ്ക്കു മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നു രേഖകള്‍ സഹിതം കുറ്റപത്രത്തില്‍ വിവരിക്കുന്നു. 2017 ജൂണിനും 2018 ജൂെലെയ്ക്കുമിടെ എസ്. അരുണ്‍ എന്നയാള്‍ പലപ്പോഴായി 25 ലക്ഷം രൂപ ബിനീഷിന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19 (എ), 69 വകുപ്പുകള്‍ പ്രകാരമാണു കുറ്റപത്രം. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസില്‍ ബിനീഷിനെതിരെ നിര്‍ണായകമായത്.

pathram:
Leave a Comment