യുദ്ധക്കളമായി തലസ്ഥാനം; രണ്ട് കർഷകർ മരിച്ചു

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.

ഡൽഹി ഐടിഒയിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് കർഷകർ മരിച്ചുവെന്ന് വിവരം. ഒരു കർഷകൻ വെടിവെപ്പിൽ മരിച്ചെന്നും ഒരാൾ ട്രാക്റ്റർ മറിഞ്ഞ് മരിച്ചെന്നും കർഷ സംഘടനാ നേതാവ് കെ.വി. ബിജു പറഞ്ഞു. ആറ് ട്രാക്റ്ററുകൾ അപകടത്തിൽപ്പെട്ടുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് വെടിവെപ്പിനേത്തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കർഷകർ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മരിച്ച കർഷകന്റെ മൃതദേഹം സംഭവ സ്ഥലത്തിനിന്ന് പോലീസ് മാറ്റിയെന്ന് കർഷകൻ ആരോപിച്ചു. ഇതിനിടെ കർഷകന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ദേശീയ മാധ്യമങ്ങളിൽ ചിലരെ കർഷകർ തടഞ്ഞു. കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നു എന്നാരോരപിച്ചാണ് കർഷകർ മാധ്യമങ്ങളെ തടഞ്ഞത്.

കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാർഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡൽഹി. ഇപ്പോഴും സംഘർഷം തുടരുകയാണ്‌.

ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത്. അക്ഷരാർഥത്തിൽ കർഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.

pathram desk 2:
Related Post
Leave a Comment