മരണക്കെണിയൊരുക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: നിരവധി യുവാക്കളെ കടക്കെണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് നിയമവകുപ്പ് പൊലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നിയമനിര്‍മാണത്തിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നിയമവകുപ്പ് അധികൃതര്‍ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍, കേരളത്തില്‍നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരണുമായി വിനീത് ആത്മഹത്യ ചെയ്തിരുന്നു. കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളില്‍നിന്നും പരിചയക്കാരില്‍നിന്നും വിനീത് ലക്ഷങ്ങളാണ് കടം വാങ്ങിയത്. കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞ് 15 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കി. മുഴുവന്‍ തുകയും അടയ്ക്കാമെന്ന് പിതാവും സഹോദരനും വാക്ക് നല്‍കിയെങ്കിലും ഓണ്‍ലൈന്‍ വായ്പാ കമ്പനികളില്‍നിന്നു ഭീഷണി എത്തിയതോടെ വിനീത് സമ്മര്‍ദത്തിലായി. ‘പണമാണ് പ്രശ്‌നം. ആവുന്നതും പിടിച്ചുനില്‍ക്കാന്‍ നോക്കി, കഴിയുന്നില്ല’ എന്നാണ് വിനീത് ആത്മഹത്യാകുറിപ്പില്‍ എഴുതിയത്. സംഭവത്തെക്കുറിച്ചു വിശമായി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

എന്നാല്‍, ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നു സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യയുമായി എം ലാറ്റ് (മ്യൂച്ചല്‍ ലീഗല്‍ അസി. ട്രീറ്റി) കരാറുള്ള രാജ്യങ്ങളില്‍ മാത്രമേ നിയമ നടപടി സാധ്യമാകൂ. അതിനാല്‍ ഗെയിമിങ് ആപ്പുകള്‍ കരാറില്ലാത്ത രാജ്യത്തേക്കു പ്രവര്‍ത്തനം മാറ്റും. ഐപി ബ്ലോക്കു ചെയ്താല്‍ മറ്റൊരു ഐപി വിലാസത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഗെയിമിങിലെ ചതിക്കുഴികളെക്കുറിച്ച് ആളുകളില്‍ ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ തട്ടിപ്പു തടയാന്‍ കഴിയൂ എന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.

നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകള്‍ ഉണ്ടെങ്കിലും കോവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. റിവ്യൂ എഴുതുന്നവര്‍ ലക്ഷക്കണക്കിനു രൂപ കിട്ടിയതായി അവകാശപ്പെടും. കളി തുടങ്ങുമ്പോള്‍ ചെറിയ തുകകള്‍ ലഭിക്കും. വലിയ തുകകള്‍ക്കു കളിക്കുമ്പോള്‍ പണം നഷ്ടമായി തുടങ്ങും. ഇതിനോടകം ഗെയിമില്‍ ആകൃഷ്ടരായവരോട് മണി ലെന്‍ഡിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ പറയും. പലിശ 30 ശതമാനത്തിനു മുകളിലാണ്. കളിക്കുന്നവര്‍ കടക്കെണിയിലാകും. പൈസ നഷ്ടപ്പെടുന്നവര്‍ ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടും.

ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ ഫോണിലുള്ള മുഴുവന്‍ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെര്‍വറിലേക്കു പോകും. പേര്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് വിവരങ്ങള്‍, ക്യാമറ അക്‌സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നല്‍കിയാലേ ഗെയിമിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. ആളുകളുമായല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോടാണ് കളിക്കുന്നതെന്ന് ഓര്‍മിക്കണമെന്നു വിദഗ്ധര്‍ പറയുന്നു. രണ്ട് ഗെയിം കളിക്കുമ്പോള്‍ തന്നെ വ്യക്തിയുടെ കളിയുടെ രീതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസിലാക്കി ആവശ്യമുള്ള കാര്‍ഡുകള്‍ നല്‍കാതിരിക്കും. റമ്മി കളിച്ച് വലിയ തുകകള്‍ കിട്ടിയവര്‍ ആരുമില്ലെന്നും റിവ്യൂ എഴുതുന്നവര്‍ യഥാര്‍ഥ ആള്‍ക്കാരായിരിക്കില്ലെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

pathram:
Leave a Comment