പോലീസുകാര്‍ക്ക് നേരേ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ സി.പി.ഒ. സജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇരുവര്‍ക്കും പരുക്കേറ്റത്. സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷിന് കുത്തേറ്റത്.

വധശ്രമക്കേസിലെ പ്രതിയായ ലിനോജ് എന്നയാളെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ സി.പി.ഒ. സജേഷിന് നേരേ ആക്രമണമുണ്ടായത്. കൃഷ്ണനിവാസില്‍ ജീവന്‍കുമാര്‍ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിലാണ് പ്രതി ലിനോജിനെ പോലീസ് തിരഞ്ഞത്.

പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ് ഒടുവില്‍ ഇയാളെ കണ്ടെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൈയിലുണ്ടായിരുന്ന വാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. ഇദ്ദേഹം ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലിനോജിനെ സൗത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ പിടികൂടി. ലിനോജിനൊപ്പമുണ്ടായിരുന്ന കപില്‍ ഷാജിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

pathram:
Related Post
Leave a Comment