എ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്; വഴിയൊരുക്കിയത് സിപിഎം

തിരുവനന്തപുരം: എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍ സിപിഎമ്മിന് വിട്ടുനല്‍കി കണ്ണൂരിലേക്കു ശശീന്ദ്രന്‍ മാറാനുള്ള അണിയറ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിഷേധിച്ചു.

മാണി സി.കാപ്പനും ടി.പി.പീതാംബരനും ഉള്‍പ്പെടെ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ആര്‍എസ്പി പിളര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോനെ ഒപ്പം നിര്‍ത്തിയതുപോലെ എ.കെ.ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുളള നീക്കങ്ങള്‍ സിപിഎം തുടങ്ങി. സിറ്റിങ് സീറ്റായ എലത്തൂരില്‍ മത്സരിക്കണമെന്ന ആവശ്യമാണ് ശശീന്ദ്രന്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ശക്തികേന്ദ്രമായ എലത്തൂര്‍ തിരിച്ചെടുക്കണമെന്ന വികാരം സിപിഎമ്മില്‍ ശക്തമാണ്. ഇതേത്തുടര്‍ന്ന് സിപിഎം ഇടപെട്ടാണ് ശശീന്ദ്രന് കോണ്‍ഗ്രസ് എസുമായി ആശയവിനിമയത്തിന് വഴിയൊരുക്കിയത്. കടന്നപ്പള്ളി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കണ്ണൂരിലേക്കു ശശീന്ദ്രനു മാറാമെന്നുമാണ് വാഗ്ദാനം. ശശീന്ദ്രന്‍ പാര്‍ട്ടിയിലേക്കു വരുന്നതിനെ കടന്നപ്പള്ളി സ്വാഗതം ചെയ്തതായാണു വിവരം.

എലത്തൂരില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതാവിനെ മത്സരിപ്പിക്കാനാണു സിപിഎം നീക്കം. ഇതിനോടു ശശീന്ദ്രന് എതിര്‍ക്കാനാവില്ലെന്ന് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു മാണി സി.കാപ്പനും ടി.പി.പീതാംബരനും എന്‍സിപി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ശശീന്ദ്രന് അനുകൂലമായ വികാരമാണു പ്രകടമായത്.

pathram:
Leave a Comment