അമ്മയുടെ അടുത്തുനിന്ന് മക്കളെ സഫീര്‍ വിളിച്ചു കൊണ്ടുവന്നു ; പിന്നാലെ കൊടും ക്രൂരത

തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നു വയസുള്ള മൂത്തമകനെ കൊന്ന ശേഷം ഇളയകുട്ടിയുമായി ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കിയ സഫീര്‍ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്നു റിപ്പോര്‍ട്ട്. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയതിനു ശേഷവും ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ മക്കളെയും കൊണ്ടു വീട്ടിലേക്കു പോയി.

കഴിഞ്ഞ ദിവസം സഫീര്‍ തന്നെ ചെന്ന് രണ്ടുകുട്ടികളെയും ഭാര്യ വീട്ടില്‍നിന്നു വിളിച്ച് ശ്രീശങ്കരാ ക്ഷേത്രത്തിനു സമീപത്തുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. അതിനു ശേഷമാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ആദ്യം മൂത്ത മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഫീര്‍ ഇളയ കുട്ടിയെയും കൊണ്ടു ക്ഷേത്രക്കുളത്തില്‍ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ്, ഇളയ മകന്‍ എന്നിവരാണു മരിച്ചത്. അല്‍ത്താഫിന്റെ മൃതദേഹം വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment