ലക്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു വമ്പന്‍ പ്രചാരണ പരിപാടിയാണ് യുപിയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലക്ഷ്യമിടുന്നത്.
ജനുവരി മൂന്നു മുതല്‍ 25 വരെ എണ്ണായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രിയങ്ക നിര്‍ദേശം നല്‍കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ബൂത്തു തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക നേരിട്ട് രംഗത്തിറങ്ങുന്നത്. പ്രമുഖ നേതാക്കള്‍ക്കു ജില്ലകളുടെ ചുമതല നല്‍കിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി പ്രിയങ്ക കഴിഞ്ഞ മാസം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. 823 ബ്ലോക്കുകളില്‍ സംഘടനാ സംവിധാനം സജ്ജമാക്കാനും പ്രിയങ്കയ്ക്കു കഴിഞ്ഞു.
ചുമതലയുള്ള നേതാക്കള്‍ ജനുവരി മുന്ന് മുതല്‍ അതതു ജില്ലാ ആസ്ഥാനങ്ങളില്‍ തമ്പടിച്ചാവും പ്രവര്‍ത്തിക്കുക. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള പ്രമുഖരെ പാര്‍ട്ടിയുമായി അടുപ്പിച്ച് താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു. 60,000 ഗ്രാമസഭകളിലും പാര്‍ട്ടി സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണത്തിന്റെ പരാജയങ്ങള്‍, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ പൊതുസമൂഹത്തിലേക്ക് എത്തിക്കും. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അജയ്കുമാര്‍ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ബിജെപി ഞായറാഴ്ച യോഗം ചേരും. യുപിയുടെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ് പങ്കെടുക്കും. നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക.
Leave a Comment