56 വയസ്സുകാരന്‍ നിര്‍ബന്ധിതമായി വിവാഹം കഴിച്ച 16 കാരിയെ പൊലീസ് മോചിപ്പിച്ചു

ഹൈദരാബാദ്: കേരളത്തില്‍നിന്നുള്ള 56 വയസ്സുകാരന്‍ നിര്‍ബന്ധിതമായി വിവാഹം കഴിച്ച 16 വയസ്സുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് ഇടനിലക്കാര്‍ മുഖേന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ആന്റിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാര്‍, പുരോഹിതന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂറുന്നീസ, അബ്ദുല്‍ റഹ്മാന്‍, വസീം ഖാന്‍, ഖാസി മുഹമ്മദ് ബദിയുദീന്‍ ക്വാദ്രി എന്നിവരാണു പിടിയിലായത്.

അബ്ദുല്‍ ലത്തീഫ് പറമ്പനെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയി, പിതാവ് കിടപ്പിലുമാണ്. ഈ സാഹചര്യം മുതലെടുത്താണ് അകന്ന ബന്ധുവായ സ്ത്രീ നിര്‍ബന്ധിത വിവാഹം നടത്തിയത്. പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം നടത്താനായി മലയാളിയോട് ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാര്‍ക്കും പുരോഹിതനും വീതിച്ചുനല്‍കി.

പോക്‌സോ നിയമ പ്രകാരം വരനെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് ഹൂറുന്നീസയ്‌ക്കെതിരെയും കേസെടുത്തു. ഇളയ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.

pathram:
Related Post
Leave a Comment