ഇന്ത്യയ്ക്ക് പൂർണ സൈനിക പിന്തുണ, ഇസ്രയേൽ പ്രഖ്യാപനം പാക്കിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ്?

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് വേണ്ട പൂർണ സൈനിക പിന്തുണ നൽകുമെന്ന് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക്ക ഉറപ്പു നൽകിയത്. ഏഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.

ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ ആവശ്യമായതെന്തും ഇസ്രയേൽ നൽകുമെന്ന് ഡിസംബർ 17 നാണ് റോൺ മാൽക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളും ചേർന്നതോടെ ഈ പ്രഖ്യാപനം ഇന്ത്യയ്ക്കും നയതന്ത്രപരമായി വലിയ നേട്ടമാണ്. യുഎഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവരുമായെല്ലാം ഇസ്രയേൽ സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. സൗദി അറേബ്യയും (കെ‌എസ്‌എ) മറ്റു അറബ് രാജ്യങ്ങളെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, പാക്കിസ്ഥാൻ അറബ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുകയാണ്.

ചൈനയുമായുള്ള സംഘർഷത്തിനിടയിൽ ഇന്ത്യ എന്തെങ്കിലും പ്രതിരോധ സഹായ അഭ്യർഥനകൾ നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ മൽക്ക പറഞ്ഞത്, ‘ഞങ്ങൾക്കിടയിൽ ശക്തമായ ഒരു സുഹൃദ്‌ബന്ധം ഉള്ളതിനാൽ, ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ ആവശ്യമുള്ളതെന്തും ഇസ്രായേലിൽ നിന്ന് നൽകും’– എന്നാണ്.

എന്നാൽ ഞങ്ങൾ ആർക്കും എതിരല്ല, പക്ഷേ ഞങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണ്. മാത്രമല്ല ഇന്ത്യയുടെ ധീരവും ശക്തവുമായ നേതൃത്വത്തെയും ഞങ്ങൾ വിശ്വസിക്കുന്നു, ഇന്ത്യയ്ക്ക് കാര്യങ്ങൾ എങ്ങനെ വിവേകപൂർവം കൈകാര്യം ചെയ്യാമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞതായി എച്ച്ടി റിപ്പോർട്ട് ചെയ്തിരുന്നു.

ഡിസംബർ 12 ന് ഭൂട്ടാനിൽ ഇസ്രയേൽ എംബസി തുറക്കാൻ ഇന്ത്യ സൗകര്യമൊരുക്കിയിരുന്നു. പാക്കിസ്ഥാനും ചൈനയും ഏറ്റുമുട്ടാൻ സാധ്യതയുള്ള സാഹചര്യത്തിൽ, ഇസ്രയേൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ഇസ്രയേൽ സാങ്കേതികവിദ്യ, ആയുധങ്ങൾ, സേവനങ്ങൾ, രഹസ്യാന്വേഷണം, നിരീക്ഷണം, ഗൂഢലോചന, മാധ്യമങ്ങൾ, റഡാർ സംവിധാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവ വിഭാഗങ്ങളിലായി നിരവധി സേവനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നുണ്ട്.

pathram desk 1:
Leave a Comment