കണ്ണൂരില്‍ ടി.ഒ. മോഹനനെ മേയറായി തിരഞ്ഞെടുത്തു

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ടി.ഒ. മോഹനനെ മേയറായി തിരഞ്ഞെടുത്തു. നിലവില്‍ കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിറിയാണ് മോഹനന്‍. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതോടെ വോട്ടിനിടാന്‍ തീരുമാനിക്കുകയായിരുന്നു. 11 അംഗങ്ങളുടെ പിന്തുണയോടെയാണ് ടി.ഒ. മോഹനനന്‍ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരില്‍ മേയറെ തിരഞ്ഞെടുക്കാന്‍ യു.ഡി.എഫ്. രാവിലെ യോഗം ചേര്‍ന്നിരുന്നു. യു.ഡി.എഫിന് ഭരണം കിട്ടിയ കെപിസിസി വൈസ്പ്രസിഡന്റ് ടി. സിദ്ദീഖിന്റെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് തീരുമാനിച്ചത്. വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷ അഭിപ്രായം മോഹനന് അനുകൂലമായതോടെ മാര്‍ട്ടിന്‍ ജോര്‍ജ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി. ഒ. മോഹനന്‍. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എന്നിവരായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്ന മറ്റ് പേരുകള്‍. 11 അംഗങ്ങള്‍ മോഹനനെ പിന്തുണച്ചപ്പോള്‍ ഒന്‍പത് അംഗങ്ങള്‍ പി.കെ. രാഗേഷിനെ പിന്തുണച്ചു.

pathram:
Leave a Comment