കോവിഡ് ടെസ്റ്റ് ഫലം വരുന്നതിന് മുമ്പ് സിഐ ജോലിക്ക് വിളിച്ചുവരുത്തി; റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ്; നിഷേധിച്ച് സിഐ

കടുത്തുരുത്തി: കോവിഡ് കാലത്ത് ഏറ്റവും അധികം ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമാണ്. എന്നാല്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ നടന്നത് തികഞ്ഞ അനാസ്ഥയാണെന്ന് ആക്ഷേപം. കോവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് വരുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥനെ ജോലിക്കായി വിളിച്ചുവരുത്തി. റിസള്‍ട്ട് വന്നപ്പോള്‍ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ രുചിക്കുറവ് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ കോവിഡ് ടെസ്റ്റിന് നിര്‍ദേശം നല്‍കി. ഇത് പ്രകാരം പോലീസ് ഉദ്യോഗസ്ഥന്‍ ഇടയാഴത്ത് ഐടിപിസിആര്‍ ടെസ്റ്റിന് വിധേയനായി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കോവിഡ് ടെസ്റ്റിന് വിധേയനായി എന്ന് അറിയിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. ജോലിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. 24 മണിക്കൂര്‍ ജോലി കഴിഞ്ഞ് പിറ്റേദിവസം രാവിലെ വീട്ടിലേക്ക് ഉദ്യോഗസ്ഥന്‍ തിരിച്ചെങ്കിലും രാത്രിയില്‍ നടന്ന ഒരു മോഷണത്തിന്റെ പേരു പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തി. ഇതിനിടെയാണ് കോവിഡ് പരിശോധനാ ഫലം പുറത്ത് എത്തിയത്. കോവിഡ് ഫലം വരുന്നത് വരെ പോലും നോക്കാതെ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് വിളിച്ചതാണ് ഏറെ വിവാദമായിരിക്കുന്നത്.

ഡ്യൂട്ടിക്ക് വിളിപ്പിച്ചതോടെ ഉദ്യോഗസ്ഥന്‍ ബസില്‍ കയറി ജോലിക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് നൈറ്റ് ഡ്യൂട്ടി ചെയ്യുകയും രാവിലെ തിരികെ പോവുകയും ചെയ്തു. എന്നാല്‍ കോവിഡ് ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ഫലം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥനോട് ജോലിക്ക് കയറാന്‍ സിഐ നിര്‍ദേശം നല്‍കിയതാണ് ഏറെ വിവാദം ആയിരിക്കുന്നത്. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയോ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ പതിവു ഡ്യൂട്ടിക്കായാണ് പോലീസ് ഉദ്യോഗസ്ഥന്‍ വന്നതെന്നും പ്രത്യേഡൂട്ടിക്കായി താന്‍ ആരേയും വിളിച്ചു വരുത്തിയിട്ടെല്ലെന്നും സി.ഐ. പ്രതികരിച്ചു.

കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. അങ്ങനിരിക്കെ ഇത്തരത്തില്‍ കോവിഡ് ഫലം ലഭിക്കുന്ന സമയം വരെ പോലും വിശ്രമിക്കാന്‍ അനുവാദം കൊടുക്കാത്ത മേല്‍ ഉദ്യോഗസ്ഥരുടെ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ട്.

pathram:
Related Post
Leave a Comment