തദ്ദേശ തിരഞ്ഞെടുപ്പ്: നിലമെച്ചപ്പെടുത്തി ബിജെപി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകളനുസരിച്ച് എല്‍ഡിഎഫ് മുന്നില്‍. ബിജെപിയും നില മെച്ചപ്പെടുത്തി. രാവിലെ 10.30 നുള്ള കണക്കനുസരിച്ച് കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും പഞ്ചായത്ത് തലത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. നഗരസഭകളില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനു മുന്നില്‍.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരില്‍ യുഡിഎഫ് 2 സീറ്റുകള്‍ക്കു മുന്നില്‍. കൊച്ചിയില്‍ യുഡിഎഫിനാണ് ആധിപത്യം.

മുനിസിപ്പാലിറ്റികളില്‍ 37 എണ്ണത്തില്‍ എല്‍ഡിഎഫും 39 എണ്ണത്തില്‍ യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും. ബ്ലോക്ക് പഞ്ചായത്തില്‍ 97 ഇടത്ത് എല്‍ഡിഎഫും 52 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തില്‍ 409 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. യുഡിഎഫ് 350, ബിജെപി 28, സ്വതന്ത്രര്‍ 53.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറു കോര്‍പറേഷനുകളില്‍ കൊല്ലവും കോഴിക്കോടും ഇടതുമുന്നണി നിലനിര്‍ത്തിയിരുന്നു. കൊച്ചി യുഡിഎഫും. തിരുവനന്തപുരത്തും തൃശൂരും കണ്ണൂരും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായിരുന്നു.

2015 ല്‍ ജില്ലാ പഞ്ചായത്തുകളില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് എന്നിവ നേടി യുഡിഎഫും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവ പിടിച്ച് എല്‍ഡിഎഫും 7–7 എന്ന തുല്യനിലയിലായിരുന്നു. 44 നഗരസഭകളില്‍ എല്‍ഡിഎഫും 41 ഇടത്തും യുഡിഎഫും ഭൂരിപക്ഷം നേടി. 90 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 61ല്‍ യുഡിഎഫും ജയിച്ചപ്പോള്‍, ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്തുകളിലെ 2015ലെ വിജയം: എല്‍ഡിഎഫ് : 549, യുഡിഎഫ്: 365,എന്‍ഡിഎ: 14.

pathram:
Related Post
Leave a Comment