തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പൊരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഏകോപിച്ചാണ് ഞങ്ങളെ നേരിടുന്നത്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊടുക്കുന്നു. അവര്‍ക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് ഞങ്ങളെ ചെറിയ തോതില്‍ ക്ഷീണിപ്പിക്കാമെന്നും ഉലയ്്്ക്കാമെന്നുമായിരുന്നു. 16ാം തീയതി വോട്ട് എണ്ണുമ്പോള്‍ അറിയാം ആരാണ് ഉലഞ്ഞത്. ആരാണ് ക്ഷണിച്ചത്- മുഖ്യമന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ കമല, മക്കളായ വിവേക്, വീണ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട ചെയ്യാനെത്തിയത്.

ഇത്തവണ എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതോടെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കണമെങ്കില്‍ കടക്കാം. ഇതുവരെ വോട്ട് ചെയ്തവര്‍ എല്‍.ഡി.എഫിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങളില്‍ പോലും വിജയിക്കും. ഈ ജില്ലകളുടെ കാര്യം എന്താണെന്ന് എല്ലാക്കാലത്തും എല്ലാവര്‍ക്കുമറിയാം.

കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണ്. കൊവിഡിന്റെ തുടക്കം മുതല്‍ സൗജന്യമായി ചികിത്സ നല്‍കുന്ന സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പിന്റെ ചെറിയ പൈസ പോരട്ടെയെന്ന് സംസ്ഥാനം പറയുമോ? വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതിന് മറുപടി പറയുകയാണ് ചെയ്തത്. അത് വിശദീകരിക്കാന്‍ തനിക്ക് സമയവുമുണ്ടായിരുന്നില്ല. അതില്‍ ഒരു പെരുമാറ്റച്ചട്ടലംഘനവുമില്ല. ഒരു ചട്ടവും താന്‍ ലംഘിച്ചിട്ടില്ല.

സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണ്. കള്ളവോട്ട് എന്ന ആരോപണം എല്ലാഘട്ടത്തിലും പറയുന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടി ഉണ്ടാകുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും. എല്ലാക്കാലത്തും ബഹുഭൂരിപക്ഷം മുസ്ലീം സമുദായവും തള്ളിക്കളയുന്നതാണ് ജമാത്തെ ഇസ്ലാമി. അതിലുള്ള മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment