തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യ മൂന്നു മണിക്കൂറില്‍ 23 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി.അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചിരിക്കുന്നു എന്നത് തെറ്റായ ആരോപണമാണെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് കുറയും. ചില ഇടങ്ങളില്‍ കോണ്‍ഗ്രസ് കള്ളത്തരം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ശ്രമമായിരുന്നു നടത്തികൊണ്ടിരുന്നത്. ഇത്തവണ ആ ശ്രമം വളരെ ശക്തമായി നടത്തിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സമ്മതിദായകര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി എം.പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു അദ്ദേഹം.

വളരെ മോശപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്രാവശ്യം വളരെ മെച്ചപ്പെട്ടെ വിസ്മയകരമായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി കൊല്ലം ജില്ലയില്‍ നടത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്.

പോളിങ് ബുത്തിലെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പുതീയതിക്ക് ആറുമാസംമുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ചൊവ്വാഴ്ച പോളിങ് ബൂത്തില്‍ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനുമുന്‍പ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടര്‍ വോട്ടുചെയ്തശേഷമേ കോവിഡ് ബാധിതരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. ആകെ വോട്ടര്‍മാരില്‍ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.

പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.

വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളില്‍ 14-നാണ് തിരഞ്ഞെടുപ്പ്.

pathram:
Leave a Comment