ഉന്നത രാഷ്ട്രീയനേതാവിനു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മൊഴി

തിരുവനന്തപുരം : സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി പി.എസ്. സരിത് കസ്റ്റംസിനു മൊഴി നല്‍കി. ഇതു സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നല്‍കി

ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും.

നേതാവിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാല്‍ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്.

നേതാവ് കൈമാറിയ പണം, അതിനു ഡോളര്‍ നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങള്‍ സരിത്ത് നല്‍കിയതായാണ് വിവരം. ഇടപാടില്‍ താന്‍ നല്‍കിയ സഹായത്തെക്കുറിച്ചു സ്വപ്നയും വെളിപ്പെടുത്തി.

ഒരു പ്രമുഖ വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാര്‍ജയില്‍ തുടങ്ങാന്‍ നേതാവിന് ഉദ്ദേശ്യമുണ്ടായിരുന്നതായാണു സ്വപ്ന നല്‍കിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നല്‍കിയത്. ബെംഗളൂരുവില്‍ വിദ്യാഭ്യാസ കണ്‍സല്‍റ്റന്‍സി സ്ഥാപനം നടത്തുന്ന മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങള്‍ വച്ച് നേതാവിനു വേണ്ട സഹായം ചെയ്തിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിനു കൈമാറി.നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.

pathram:
Related Post
Leave a Comment