ന്യൂഡൽഹി: കർഷക സമരം അനുദിനം ശക്തിപ്പെടുന്നതിനിടെ സമാനതകളില്ലാതെ മൗനവും പ്രതിഷേധമാർഗമാക്കി കർഷകർ. കേന്ദ്രസർക്കാരുമായി ശനിയാഴ്ച നടന്ന അഞ്ചാംവട്ട ചർച്ചയ്ക്കായി കർഷകർ എത്തിയത് യെസ്, നോ പ്ലക്കാർഡും ഭക്ഷണവുമായി. കേന്ദ്രത്തിനെതിരേ നിശബ്ദപ്രതിഷേധമുയർത്തുകയുയായിരുന്നു ചർച്ചയിലുനീളം കർഷക നേതാക്കൾ.
യോഗത്തിൽ സംസാരിക്കാൻ വിസമ്മതിച്ച കർഷകർ കേന്ദ്രത്തോട് യെസ്, നൊ പ്ലക്കാർഡുകൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ചർച്ചയിൽ കർഷകരുടെ പ്രതിനിധികൾ മൗനം ഭജിച്ചതല്ലാതെ ഒന്നും ഉരിയാടാൻ കൂട്ടാക്കിയില്ല.
കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കുന്ന മൂന്നു നിയമങ്ങളും പിൻവലിക്കണം എന്ന ഒറ്റ ആവശ്യത്തിലാണ് അവർ ഉറച്ചുനിന്നത്. സർക്കാരാകട്ടെ ഭേദഗതിയുടെ സമവമായ ഫോർമുലയും മുന്നോട്ടുവച്ചു. തറവില തുടരും എന്ന ഉറപ്പ് ഉത്തരവായി ഇറക്കാമെന്ന സർക്കാർ വാഗ്ദാനവും കർഷകർ സ്വീകരിച്ചില്ല.
സർക്കാർ വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണം കഴിക്കാനും കർഷകർ വിസമ്മതിച്ചു. പ്രതിഷേധം നടക്കുന്ന സിംഘു അതിർത്തിയിൽ നിന്നാണ് ചർച്ചയിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും ചായയും എത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ചർച്ചയിലും കർഷകർ സൗജന്യം പറ്റാൻ തയ്യാറായിരുന്നില്ല. ഉച്ചഭക്ഷണവും ചായയും എന്തിന് വെള്ളം വരെ കൊണ്ടാണ് കർഷകർ ചർച്ചക്കെത്തിയിരുന്നത്.
ഉച്ചഭക്ഷണംനൽകി കേന്ദ്ര സർക്കാർ ആതിഥേയ മര്യാദ പ്രകടിപ്പിക്കുന്നതിന് പകരം പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് കർഷക നേതാക്കൾ ആവശ്യപ്പെട്ടത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഉൾപ്പടെയുളള പാനലാണ് 40 കർഷകസംഘടനകളുടെ പ്രതിനിധികളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ കേന്ദ്രസർക്കാരുമായുളള ചർച്ചയ്ക്ക് ശേഷം കർഷകർക്ക് മുമ്പാകെ പുതിയ നിർദേശങ്ങൾ വെക്കാമെന്നാണ് കേന്ദ്ര പ്രതിനിധികൾ അറിയിച്ചത്. എന്നാൽ ഇത് കർഷകർക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ബുധനാഴ്ച കേന്ദ്ര പ്രതിനിധികളുമായി ആറാംവട്ട ചർച്ചയ്ക്ക് കർഷകർ സമ്മതിച്ചിട്ടുണ്ട്. കർഷക നിയമങ്ങൾക്കെതിരായി ഡൽഹിയുടെ അതിർത്തികളിൽ ആയിരക്കണക്കിന് കർഷകരാണ് പ്രക്ഷോഭം നടത്തുന്നത്.
Leave a Comment