കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ 100-ാം വാര്‍ഷികാചരണം നടന്നു. ബാനര്‍ജി റോഡിലെ കുര്യന്‍സ് ടവറില്‍ നടന്ന ശതാബ്ദി ആഘോഷം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കുര്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നയനം ഭവന പദ്ധതിയിലെ 18-മത്തെ വീടിന്റെ താക്കോല്‍ മുളവുകാട് സ്വദേശി സോമലതയ്ക്ക് ഹൈബി ഈഡന്‍ കൈമാറി. ഇവരുടെ ഉടമസ്ഥതയിലുള്ള 3 സെന്റ് സ്ഥലത്ത് 8.5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്.  

100-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായുള്ള കുര്യന്‍സ് ഓപ്റ്റിക്കല്‍സിന്റെ 25 ഷോറൂമുകളിലൂടെ തെരഞ്ഞെടുത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2,500 പേര്‍ക്ക് സൗജന്യ കണ്ണടകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ചടങ്ങില്‍ വി.ഡി. സതീശന്‍ എംഎല്‍എ മൂന്ന് പേര്‍ക്ക് കണ്ണട നല്‍കികൊണ്ട് നിര്‍വഹിച്ചു. 100-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

1920-ല്‍ ശ്രീ. സി.കെ. കുര്യന്‍ തുടക്കമിട്ട കണ്ണട ബിസിനസ് 100-ാം വര്‍ഷം പിന്നിടുമ്പോള്‍ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന് ഇന്ന് മൊത്തം 25 ശാഖകളുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാനായതാണ് കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ വിജയരഹസ്യമെന്ന് കുര്യന്‍സ് ഒപ്റ്റിക്കല്‍സ് സിഇഒ സണ്ണി പോള്‍ പറഞ്ഞു. സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും തിരിച്ച് നല്‍കാനുള്ള അവസരമായാണ് 100-ാം വാര്‍ഷികത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ ജിമ്മി പോള്‍, ജോജി പോള്‍, ജോണി പോള്‍, ലിജോ ഗ്രീഗറി, ജോജു ജോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

pathram desk 2:
Leave a Comment