ശബ്ദരേഖയിലെ വിവാദപരാമര്‍ശം ശിവശങ്കറിനും കുരുക്കാകും

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്നു കരുതുന്ന ശബ്ദരേഖയിലെ വിവാദപരാമര്‍ശം എം. ശിവശങ്കറിനും കുരുക്കാകുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന തരത്തിലാണു കഴിഞ്ഞദിവസം പുറത്തായ ശബ്ദരേഖയിലുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി.

ശിവശങ്കറിനൊപ്പം ഒക്ടോബറില്‍ സ്വപ്ന നടത്തിയ യുഎഇ സന്ദര്‍ശനം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസിന്റെ അന്വേഷണ പരിധിയില്‍ ഇതുവരെ വരാത്ത വിഷയമായതിനാലാണു നിയമോപദേശം തേടിയത്.

കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി റിപ്പോര്‍ട്ട് നല്‍കും. കോടതിയുടെ അനുമതിയോടെ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ശബ്ദരേഖയിലുള്ളതു സ്വപ്നയുടെ തന്നെ ശബ്ദമാണെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി.

നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയുമായി വിദേശത്തു കണ്ടുമുട്ടിയ സാഹചര്യങ്ങള്‍ വെളിപ്പെട്ടിരുന്നു. 2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ചു യുഎഇ സന്ദര്‍ശിച്ചിരുന്നു. 2018 ഏപ്രിലില്‍ ശിവശങ്കറിന്റെ ഒമാന്‍ യാത്രയ്ക്കിടയില്‍ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു, അന്ന് മടക്കയാത്രയില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 2018 ഒക്ടോബറില്‍ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.

ഈ യാത്രയെക്കുറിച്ചാണു സ്വപ്നയുടെ പുതിയ ശബ്ദരേഖയിലുള്ളതെന്നാണ് ഇഡിയുടെ അനുമാനം. പ്രളയദുരിതാശ്വാസം തേടിയുള്ള ഉദ്യോഗസ്ഥ സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികള്‍.

സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശത്തെ ചൊല്ലി വിവാദം മുറുകുമ്പോള്‍, അതിന്റെ ആധികാരികത പരിശോധിക്കാന്‍ തലസ്ഥാനത്തു തന്നെ സൗകര്യം. ശബ്ദം പരിശോധിച്ച് ഉടമയെ കണ്ടെത്താന്‍ ഓഡിയോ അനാലിസിസിലൂടെ കഴിയും. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഫിസിക്‌സ് ഡിവിഷനു കീഴിലെ ഓഡിയോവിഡിയോ ലാബിലാണ് ഇതിനു സൗകര്യമുള്ളത്.

ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ചു തര്‍ക്കമുണ്ടാകുമ്പോള്‍ കോടതി മുഖേനയാണു പരിശോധന നടത്തുക. ആരോപണവിധേയനെ ഇവിടെ എത്തിച്ചു ശബ്ദം രേഖപ്പെടുത്തും. തര്‍ക്കമുള്ള സന്ദേശത്തിലെ വാക്യങ്ങളാണ് ആവര്‍ത്തിച്ചു പറയിപ്പിക്കുക. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും.

മന്ത്രി എം.എം. മണി തൊടുപുഴ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിഡിയോ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അതില്‍ കൃത്രിമം നടന്നിട്ടില്ലെന്നു തെളിഞ്ഞിരുന്നു.ശബ്ദ ആവൃത്തിയും മറ്റു സവിശേഷതകളും സൂക്ഷ്മമായി പരിശോധിക്കുന്നതാണ് ഓഡിയോ അനാലിസിസ്.

pathram:
Related Post
Leave a Comment