2016ല്‍ നോട്ടു നിരോധനകാലത്ത് ബിനീഷിന്റെ കൊല്‍ക്കത്ത യാത്രയും അന്വേഷണത്തില്‍

കൊച്ചി: കള്ളപ്പണക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ പിടിമുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപത്തിന്റെ പിന്നാലെയാണ്. 2016ല്‍ നോട്ടു നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊല്‍ക്കത്തയില്‍ പോയിരുന്നതായി കണ്ടെത്തിയ ഇ.ഡി. നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ആ യാത്രകള്‍ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്.

അതിനിടെ ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ ബന്ധുക്കള്‍ നടത്തിയ സത്യഗ്രഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്താനെത്തിയ കന്റോണ്‍മെന്റ് എ.സി.പിക്ക് ഇ.ഡി. നോട്ടീസ് നല്‍കിയെന്നും സൂചനയുണ്ട്. ബംഗളുരുവില്‍ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വില്‍സല്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. നാളെ വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊല്‍ക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്.

വ്യാജമേല്‍വിലാസത്തിലാണ് ഇവ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് ഇ.ഡി. കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നു. കണക്കില്‍ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍നിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊല്‍ക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പത്തു കമ്പനികളില്‍ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം.

കമ്പനി എം.ഡി. എന്ന നിലയില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. ഈ കാര്‍ഡുകള്‍ ബിനീഷും മറ്റു പലരും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. നഷ്ടത്തിലായ കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചശേഷം അതില്‍ പണം നിക്ഷേപിക്കുന്നതും കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരും. ഇവിടെയും ബിനീഷിന്റെ വിശദീകരണം തൃപ്തികരല്ലെന്നാണു ഇ.ഡി. പറയുന്നത്. ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി 5.5 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. എന്നാല്‍ ബിനീഷിന് തന്റെ വരുമാനവും നിക്ഷേപവും തമ്മില്‍ ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നത്.

pathram:
Related Post
Leave a Comment