ശിവശങ്കറിന്റെ മൊഴി തെറ്റെന്ന് ഒപ്പമിരുത്തി ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്; ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി വീട്ടില്‍ വരുമ്പോള്‍ ബാഗില്‍ 34 ലക്ഷം ഉണ്ടായിരുന്നു

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഇതുവരെയുള്ള മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികള്‍. ഇന്നലെ ശിവശങ്കറിന്റെ തൊട്ടു മുന്‍പിലിരുന്നാണു വേണുഗോപാല്‍, കേസില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഇഡിയോടു വെളിപ്പെടുത്തിയത്. കേസില്‍ വേണുഗോപാലിനെ സാക്ഷിയാക്കിയേക്കും.

ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടില്‍ വരുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 34 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്നതായി വേണുഗോപാല്‍ പറഞ്ഞു. ശിവശങ്കര്‍ നിര്‍ദേശിച്ചതിനാലാണു തന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറില്‍ ഈ പണം നിക്ഷേപിക്കാന്‍ സമ്മതിച്ചത്. അതിനു ശേഷം പലതവണ ലോക്കര്‍ തന്റെ പേരില്‍ നിന്നു മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല.

അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ഇന്നലെ ഫലം കണ്ടില്ല. കോവിഡ് രോഗബാധിതനായതോടെ ഇക്കാര്യം ഇഡിയെ അറിയിച്ചു രവീന്ദ്രന്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കി. ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയില്‍ ലഭിച്ചത്. ശിവശങ്കറിന്റെ ആദ്യ റിമാന്‍ഡ് കാലാവധിയും അന്നു തീരും. അതു കഴിഞ്ഞും പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടര്‍ന്നാല്‍ ജയിലില്‍ ചോദ്യം ചെയ്യാനാണ് അവസരം ലഭിക്കുക. അതിനിടയില്‍ രവീന്ദ്രന്റെ ക്വാറന്റീന്‍ കാലം കഴിയില്ല.

ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാന്‍ സമന്‍സ് ലഭിച്ച ഹൈദരാബാദ് പെന്നാര്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആദിത്യനാരായണ റാവുവും കോവിഡ് പരിശോധനാഫലം കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ ചോദ്യംചെയ്യല്‍ ഒഴിവാക്കി.

pathram:
Leave a Comment