കുറ്റപത്രം സമര്‍പ്പിച്ചില്ല, സര്‍ക്കാരിന്റെ വീഴ്ച; ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ മുൻ ട്രഷറി ജീവനക്കാരനും ബാലരാമപുരം സ്വദേശിയുമായ എം.ആർ.ബിജുലാലിന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയെ പിടികൂടി ഇതേവരെ കുറ്റപത്രം സമർപ്പിക്കാത്ത സർക്കാരിന്റെ വീഴ്ച കാരണമാണ് പ്രതിക്കു ജാമ്യം ലഭിച്ചത്.

അറസ്റ്റിലായി 90 ദിവസത്തിനകം ജാമ്യം ലഭിച്ചില്ലെങ്കിൽ ഏതൊരു പ്രതിക്കും 90 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിനു നിയമപരമായി അവകാശമുണ്ട്. 2020 ഓഗസ്റ്റ് അഞ്ചിന് അറസ്റ്റുചെയ്ത ബിജുലാൽ കഴിഞ്ഞ ചൊവ്വാഴ്ച 90 ദിവസം പൂർത്തിയാക്കിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സർക്കാർ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. പ്രതിയെ അറസ്റ്റുചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.

വഞ്ചിയൂർ സബ് ട്രഷറി ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് ഓഫീസറായിരുന്ന ബിജുലാൽ 2019 ഫെബ്രുവരി 23 മുതൽ 2020 ജൂലായ് 31 വരെയുള്ള കാലയളവിൽ 2,73,99,900 രൂപ തട്ടിയെടുത്ത് സർക്കാരിനെ കബളിപ്പിച്ചുവെന്നായിരുന്നു കേസ്. തട്ടിയെടുത്ത പണം സ്കൂൾ അധ്യാപികയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് മാറ്റിയെടുത്തിരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചിരുന്നതായും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇയാളുടെ ഭാര്യയാണ് കേസിലെ രണ്ടാം പ്രതി.

pathram desk 1:
Related Post
Leave a Comment