ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു പ്രതിസന്ധിയിലായ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ എന്നത്തേക്കു പ്രഖ്യാപനമുണ്ടാകും, ഏതു മേഖലയ്ക്കാണു സഹായം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല
‘ഏതു വിഭാഗക്കാരാണു പ്രശ്‌നം നേരിടുന്നത്, ഏതെല്ലാം ജനവിഭാഗങ്ങള്‍ക്ക് എന്തെല്ലാം തരം സഹായമാണു വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യാവസായിക വിഭാഗങ്ങള്‍, ട്രേഡ് അസോസിയേഷനുകള്‍, മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് സാമ്പത്തിക രംഗത്ത് എന്താണ് ആവശ്യമെന്നു മനസ്സിലാക്കി യഥാസമയം കൃത്യമായി നടപടിയെടുക്കും’ വാര്‍ത്താ ഏജന്‍സി എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു,
അടുത്ത ഇടപെടലിനായി സര്‍ക്കാര്‍ ഉത്തേജക പാക്കേജ് തയാറാക്കുകയാണ്. നിലവില്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുണ്ട്, അതു സുസ്ഥിര വികസനത്തിലേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 10 ശതമാനം വര്‍ധിച്ച് 1,05,155 കോടിയായി. രാജ്യത്തെ വൈദ്യുതി ഉപഭോഗം, കയറ്റുമതി, ഇറക്കുമതി എന്നിവയും കൂടി. അടുത്ത അഞ്ചു മാസത്തേക്കു കൂടി ഈ വളര്‍ച്ച നിലനിര്‍ത്താനായാല്‍ സമ്പദ്‌രംഗം കൂടുതല്‍ മെച്ചപ്പെടും. മാര്‍ച്ചിനുശേഷം നിരവധി ഉത്തേജക പാക്കേജുകള്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഇതൊരു തുടര്‍ പ്രക്രിയയാണ്- പാണ്ഡെ വ്യക്തമാക്കി.
Leave a Comment