ന്യൂസിലാന്‍ഡ് മന്ത്രി സഭയില്‍ എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനും

വില്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണിന്റെ മ്വന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് (40) മന്ത്രിസഭയില്‍ അംഗമാകുന്നത്. സഹമന്ത്രി സ്ഥാനമാണ് പ്രിയങ്കയ്ക്ക്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഇതാദ്യമാണ് ന്യൂഡീലാന്‍ഡ് മന്ത്രിസഭയില്‍ അംഗമാകുന്നത്.

സാമൂഹികവും സന്നദ്ധ മേഖലയും, യുവജന വിഭാഗം, നാനാത്വവും ഗോത്രവിഭാഗവും എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക്. സാമൂഹികക്ഷേമ, തൊഴില്‍ മന്ത്രിയുടെ ഒപ്പമാണ് പ്രിയങ്ക പ്രവര്‍ത്തിക്കേണ്ടത്. ഈ മാസം ആറിന് പ്രിയങ്ക ചുമതയലയേല്‍ക്കും. ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തുന്നത്.

പ്രധാനമന്ത്രിയടക്കം 20 കാബിനറ്റ് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. പ്രിയങ്കയടക്കം നാല് സഹമന്ത്രിമാരും രണ്ട് സഹകരണ കരാര്‍ മന്ത്രിമാര്‍ രണ്ട് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിമാരെയുമാണ് നിയമിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശികളാണ് പ്രിയങ്കയുടെ കുടുംബം. ചെന്നൈയിലാണ് പ്രിയങ്ക ജനിച്ചത്. പിന്നീട് കുടുംബം സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നാണ് ന്യുസിലാന്‍ഡില്‍ എത്തുന്നത്. വെല്ലിംഗ്ടണ്‍ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിനന്് ബിരുദവും ഡവലപ്മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിരുദ പഠനകാലത്ത് മുതല്‍ സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഓക്ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പേരെടുത്തിരുന്നു. 2006ലാണ് ലേബര്‍ പാര്‍ട്ടിയില ചേരുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പാര്‍ട്ടി ലിസ്റ്റില്‍ 23ാമതായിരുന്നു. പരാജയപ്പെട്ടുവെങ്കിലും 2017ല്‍ പന്ത്രണ്ടാം റാങ്കോടെ വിജയിച്ചുകയറാന്‍ പ്രിയങ്കയ്ക്കു കഴിഞ്ഞു. 2019 ജൂണ്‍ 27ന് നടത്തിയ മന്ത്രിസഭ പുനഃസംഘടനയില്‍ ഗോത്ര വിഭാഗംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മലബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പിലാണ് പ്രിയങ്ക വീണ്ടും പാര്‍ലമെന്റിലെത്തുന്നത്.

എറണാകുളം പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ഭര്‍ത്താവ് ന്യൂസീലാന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ച് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണ്‍.

pathram:
Leave a Comment