സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

കോവിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

സര്‍ക്കാര്‍ നേരത്തെ മാറ്റിവെച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കണം, ഇനിയൊരു ശമ്പളം മാറ്റിവെയ്ക്കല്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടികള്‍, വെബിനാറുകള്‍, ഡ്യൂട്ടി സമയത്തിന് ശേഷമുള്ള മീറ്റിങ്ങുകള്‍ എന്നിവയില്‍ നിന്നെല്ലാം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ഒപ്പം സര്‍ക്കാറിന്റെ ഔദ്യോഗിക വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങള്‍ ഒഴിവാകും. എന്നാല്‍ രോഗി പരിചരണത്തെയും കോവിഡ് പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കില്ലെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

pathram:
Leave a Comment