ലൈഫില്‍ സര്‍ക്കാരിന് വിജയം; സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്‌. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും.

എഫ്‌.സി.ആര്‍.എയുടെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി പറഞ്ഞു. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്.

വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍, പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.

ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്. നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എം. എല്‍.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

pathram:
Leave a Comment