ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്രസില് സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദിച്ച് ബോക്സര്‍ വിജേന്ദര്‍ സിങ്. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ് വിജേന്ദര്‍ പ്രതികരിച്ചത്.
”ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്കാറിനെ ഓര്‍മയില്ലേ?. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്കായി അധികാരത്തിലിരുന്നവര്‍ വലിയ പരിശ്രമം നടത്തി. ഇതുപോലുള്ള കാരണങ്ങള്‍ കൊണ്ടാണ് ബലാത്സംഗം ചെയ്യുന്നവര്‍ വര്‍ധിക്കുന്നത്. യാതൊരു പേടിയുമില്ലാതെയുമാണവര് നമ്മുടെ നിര്‍ഭയമാരെ കൊല്ലുന്നത്. മോദി അനുകൂല മാധ്യമങ്ങള്‍ നിശബ്ദരായി കാഴ്ച കാണുകയാണ്” -വിജേന്ദര്‍ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദര്‍, കൃഷി രക്ഷിക്കാന്‍ പൊലീസിനോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്ന് തുറന്നടിച്ചിരുന്നു.
2008 ബീജിങ് ഒളിമ്ബിക്സിലും 2009 ലോകചാമ്ബ്യന്ഷിപ്പിലും വെങ്കലമെഡല്‍ ജേതാവായിരുന്നു വിജേന്ദര്‍. 75കിലോഗ്രാം വിഭാഗത്തില്‍ ലോകത്തിലെ മുന്‍ ഒന്നാംനമ്ബര്‍ താരം കൂടിയായ വിജേന്ദര്‍ പിന്നീട് പ്രൊഫഷനല്‍ ബോക്സിങിലേക്ക് തിരിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മത്സരിച്ച വിജേന്ദര്‍ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ ഗോദയില്‍ നിന്നും വിജേന്ദര്‍ പിന്മാറിയിട്ടില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്.
Leave a Comment