ലഹരി ചാറ്റ് നടത്തിയെന്നു ദീപിക സമ്മതിച്ചതായി സൂചന

മുംബൈ: ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ തന്റേതാണെന്നു നടി ദീപിക പദുകോൺ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സൂചന. വാട്സാപ് നമ്പരും തന്റെ തന്നെയാണെന്നു സ്ഥിരീകരിച്ച അവർ, ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നൽകി. എന്നാൽ ചില ചോദ്യങ്ങൾക്കുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കേന്ദ്രങ്ങൾ നൽകിയ വിവരം.

നടിമാരായ സാറ അലിഖാൻ, ശ്രദ്ധ കപൂർ എന്നിവരും ലഹരി ഉപയോഗിക്കില്ലെന്ന് അന്വേഷണ സംഘത്തോടു പറഞ്ഞു. അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ ഫാം ഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തെന്നു സമ്മതിച്ച ശ്രദ്ധ, അവിടെ ലഹരി മരുന്ന് ഉപയോഗിച്ചെന്ന ആരോപണം തള്ളി. അതേസമയം, ഷൂട്ടിങ് ഇടവേളകളിൽ സുശാന്ത് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു.

അതിനിടെ, സംവിധായകൻ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയുടെ മുൻ ജീവനക്കാരൻ ക്ഷിതിജ് രവി പ്രസാദിനെ എൻസിബി അറസ്റ്റ് ചെയ്തു. 24 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ്. ഇയാളുടെ താമസസ്ഥലത്തുനിന്നു ലഹരി മരുന്നു കണ്ടെടുത്തതായും ലഹരി ബന്ധമുള്ള കൂടുതൽ ബോളിവുഡ് പ്രമുഖരെ കുറിച്ചു വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ദീപികയെ 5 ഉദ്യോഗസ്ഥർ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളായി 5 മണിക്കൂറോളമാണു ചോദ്യം ചെയ്തത്. ചാറ്റിൽ ഉൾപ്പെട്ട മാനേജർ കരിഷ്മ പ്രകാശിനൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സാറയെയും ശ്രദ്ധയെയും ചോദ്യം ചെയ്തത് 4 മണിക്കൂറോളം.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുമായി ‘ഡ്രഗ് ചാറ്റ്’ നടത്തിയെന്ന് വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ച നടി രാകുൽ പ്രീത് സിങ്ങിന്റെ മൊഴിയിലും ഇന്നലെ അറസ്റ്റിലായ ക്ഷിതിജിന്റെ പേരുണ്ട്. അതേസമയം, കരാർ അടിസ്ഥാനത്തിൽ കുറഞ്ഞകാലം മാത്രം തന്റെ കമ്പനിക്കു വേണ്ടി ജോലി ചെയ്ത ക്ഷിതിജുമായി ബന്ധമൊന്നുമില്ലെന്നു കരൺ ജോഹർ മാധ്യമങ്ങളോടു പറഞ്ഞു.

സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണവും ഇപ്പോഴത്തെ ലഹരി ഇടപാടു കേസുകളും സിബിഐ അന്വേഷിക്കണമെന്നു കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ ആവശ്യപ്പെട്ടു.

pathram desk 1:
Related Post
Leave a Comment