”എന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ” എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ”എന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ” മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേട്ടു പകച്ചു ഞെട്ടിയിരിക്കുകയാണ്, സംസ്ഥാന വിജിലന്‍സ്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ എത്തിയപ്പോഴാണു വിജിലന്‍സ് ഇതു കേട്ടത്. മുഖ്യമന്ത്രി പറഞ്ഞതു മാധ്യമപ്രവര്‍ത്തകരോടോ ജനങ്ങളോടോ അതോ തങ്ങളോടോ എന്നതില്‍ ‘പ്രാഥമികാന്വേഷണ’ത്തിലാണു വിജിലന്‍സ്.

ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട്, കമ്മിഷന്‍ ഇടപാട്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക്, സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഇടപാടുകള്‍ എന്നിവയെല്ലാമാണു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വരുന്നത്. കോട്ടയം വിജിലന്‍സ് എസ്പി: വി.ജി.വിനോദ് കുമാറിന്റെ സംഘത്തിനാണ് അന്വേഷണച്ചുമതല. ആവശ്യമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ വിജിലന്‍സ് മേധാവി അനുമതി നല്‍കിയിട്ടുണ്ട്.

ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയും ഉപാധ്യക്ഷന്‍ തദ്ദേശമന്ത്രിയുമാണ്. യുഎഇയിലെ റെഡ്ക്രസന്റും ലൈഫ് മിഷനുമായുള്ള 20 കോടിയുടെ ധാരണാ പത്രം കൈമാറിയതു മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നതരുടെ സാന്നിധ്യത്തിലാണ്. തുടര്‍കരാറുകള്‍ ഉണ്ടാകുമെന്ന് ഇതില്‍ പറഞ്ഞെങ്കിലും അതൊന്നും വെളിച്ചം കണ്ടില്ല. പകരം കൊച്ചിയിലെ ഒരു സ്ഥാപനവുമായി ഉപകരാര്‍ വന്നു. പദ്ധതി ലഭിക്കാന്‍ 4.5 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു കമ്പനി ഉടമ എന്‍ഐഎക്കു മൊഴിയും നല്‍കി.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പണം കൈമാറിയ സ്ഥലം വരെ പാര്‍ട്ടി ചാനലില്‍ വെളിപ്പെടുത്തി. അപ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. യുഎഇ മുതല്‍ വടക്കാഞ്ചേരി വരെ നീണ്ടു കിടക്കുന്ന കേസില്‍ ഭാരിച്ച അന്വേഷണമാണു കോട്ടയത്തെ എസ്പി നടത്തേണ്ടത്. സര്‍ക്കാരുമായി ഏറെ അടുപ്പമുള്ളയാളാണ് അന്വേഷണസംഘ മേധാവിയെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നതില്‍ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേസില്‍ സത്യമറിയണമെങ്കില്‍ ഉന്നതരില്‍ പലരെയും ചോദ്യം ചെയ്യേണ്ടി വരും.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനു കീഴിലെ വിജിലന്‍സ് അദ്ദേഹം അധ്യക്ഷനായ മിഷനിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നുവെന്നതാണ് വൈരുധ്യം. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ടത് ആഭ്യന്തര സെക്രട്ടറിക്കാണ്. അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം. തല്‍ക്കാലം പൊലീസ് ഉന്നതരുടെ ഉപദേശത്തില്‍ വെറും ഒരു അന്വേഷണം മാത്രം.

ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രാഥമിക വിവരങ്ങള്‍ സിബിഐ ശേഖരിച്ചു തുടങ്ങി. പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നെന്ന പരാതി സിബിഐക്കു ലഭിച്ചു. വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നതായാണു പരാതിയില്‍ പറയുന്നത്. ഇതനുസരിച്ചു കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രാഥമിക അനുവാദം സിബിഐക്കു വേണ്ട. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അനുമതി തേടിയാല്‍ മതിയാകും.

ഏതു വിദേശരാജ്യത്തു നിന്നും സഹായം സ്വീകരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. വിദേശസഹായം വേണ്ടെന്നാണു കേന്ദ്ര നിലപാട്. പിന്നെങ്ങനെ സംസ്ഥാനം യുഎഇ റെഡ് ക്രസന്റില്‍ നിന്നു സഹായം സ്വീകരിച്ചെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. വിദേശ രാജ്യങ്ങളുമായുള്ള കരാര്‍ കേന്ദ്രപട്ടികയില്‍ പെടുന്നതിനാല്‍ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാന്‍ കോണ്‍സുലേറ്റിനും നിര്‍മാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല

pathram:
Leave a Comment