തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കോടതിയിൽ ഹാജരായില്ല. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി.
രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഇന്നലെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിൻമേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിൻമേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്. വഫയും വാഹനത്തിലുണ്ടായിരുന്നു. സസ്പെൻഷനുശേഷം ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് ശ്രീറാമിനെ നിയമിച്ചത്. തലസ്ഥാനത്തുണ്ടായിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞു ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് അടുത്തമാസം 12ന് ഹാജരാകണമെന്നു കോടതി അന്ത്യശാസനം നല്‍കിയത്.
കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്കു കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നതിനായി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോടാണ് കോടതി ഉത്തരവിട്ടത്.
കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304(2) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്നു കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് തുടർവിചാരണ നടക്കേണ്ടത്.
Leave a Comment