കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ നുണപരിശോധനയില്‍ ഇന്ന് തീരുമാനമായേക്കും. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സിബിഐ കണ്ടെത്തിയ നാലുപേരോടും കോടതിയില്‍ നേരിട്ട് ഹാജരായി നിലപാടറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം അപകട യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം. സിബിഐയുടെ അപേക്ഷ പരിഗണിച്ച കോടതി ഈ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പരിശോധനക്ക് സമ്മതമാണോയെന്ന് അറിയാനാണ് ഇത്. നാല് പേരും സമ്മതം അറിയിച്ചാല്‍ കോടതി അനുമതി നല്‍കും.
ബാലഭാസ്‌കറിന്റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്‍ പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു.
സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്റെ ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. പരിശോധനയ്ക്ക് തയാറാണെന്ന് നാല് പേരും ചോദ്യം ചെയ്യല്‍ വേളയില്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
Leave a Comment