ചിലര്‍ സാമ്പത്തികമായി വഞ്ചിച്ചു; ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചുവെന്നു കുറിപ്പില്‍ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ നിന്ന് പുകയുയരുന്നതും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തില്‍ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.പഠനത്തില്‍ സമര്‍ത്ഥയായിരുന്ന അനന്ത ലക്ഷ്മി ഹൈദരാബാദില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയ അനന്ത ലക്ഷ്മി പിന്നെ മടങ്ങിയിരുന്നില്ല.

pathram:
Leave a Comment