ഉന്നതരുമായി നടത്തിയ സ്വകാര്യ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്‌ന ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചു; എന്‍ഐഎ കണ്ടെടുത്തു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്.

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ്‌ കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണിൽ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനുമായെന്നു വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നൽകുകയുമാണുണ്ടായത്.

ഉന്നതന്റെ മൊബൈലിൽ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ല.

ഇ.ഡി.ക്ക് സ്വപ്ന നൽകിയ മൊഴി എന്താണെന്നാണ് സന്ദേശത്തിൽ ഉന്നതൻ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നൽകിയത്. ഇനി ചോദ്യംചെയ്യുകയാണെങ്കിൽ പറയേണ്ട കാര്യങ്ങൾ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈർഘ്യമേറിയതാണ്. ഇതിന് സ്വപ്ന മറുപടി നൽകിയില്ല.

സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകൾ എൻ.െഎ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയിൽ കിടന്നപ്പോൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ ഫോണിൽനിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോൺ വാങ്ങിയത്. ഇക്കാര്യം എൻ.െഎ.എ.യുടെ ശ്രദ്ധയിൽപെട്ടിരുന്നു.

തുടർന്നാണ് ആശുപത്രിയിൽ ഇത്തവണ ഡ്യൂട്ടിയിലുള്ളവരുടെ ഫോൺ എൻ.െഎ.എ. നിരീക്ഷിച്ചത്. വനിതാ ജയിലിൽനിന്ന് പുറത്തുപോകുമ്പോൾ കേരള പോലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സർക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങൾ സ്വർണക്കടത്ത് കേസിൽ നിലവിലുള്ളതിനാൽ സംസ്ഥാന പോലീസിന്റെ നീക്കങ്ങളും എൻ.െഎ.എ. നിരീക്ഷിച്ചിരുന്നു.

pathram:
Leave a Comment