ഭര്‍ത്താവ് കോളേജ് വിദ്യാര്‍ഥിനിയ്‌ക്കൊപ്പം ഒളിച്ചോടി; രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവ് കോളേജ് വിദ്യാര്‍ഥിനിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് മക്കളെ തീകൊളുത്തിക്കൊന്ന് യുവതി ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ അരന്താങ്ങിക്കടുത്ത് വല്ലമ്പക്കാട് സ്വദേശി മുത്തുവിന്റെ (45) ഭാര്യ രാധ (34), മക്കള്‍ അഭിഷേക് (13), അഭിരിത് (9) എന്നിവരാണ് മരിച്ചത്.

കര്‍ഷകനായ മുത്തു അതേ ഗ്രാമത്തിലുള്ള 22 വയസ്സുകാരിയായ കോളേജ് വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ രാധ ബന്ധം വിലക്കുകയും തന്റെ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. അവരും ഇടപെട്ട് ബന്ധത്തില്‍നിന്ന് മുത്തുവിനെ വിലക്കി.

ഇതിനിടെ കഴിഞ്ഞദിവസം മുത്തു കോളേജ് വിദ്യാര്‍ഥിനിക്കൊപ്പം ഒളിച്ചോടി. ഈ സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാമറിഞ്ഞതോടെ അപമാനഭാരം കാരണം രാധ കടുത്ത മാനസിക വിഷമത്തിലായിരുന്നതായി പറയപ്പെടുന്നു.

കഴിഞ്ഞദിവസം രാത്രി മക്കള്‍ക്ക് ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം നല്‍കി രാധ അവരെ ഉറക്കിക്കിടത്തി. തുടര്‍ന്ന് നേരത്തേ വാങ്ങിവെച്ചിരുന്ന പെട്രോള്‍ ഇരുവരുടെയും ദേഹത്തൊഴിച്ച് തീ കൊളുത്തി. ശേഷം സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി.

വീട്ടില്‍നിന്ന് നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ശ്രമപ്പെട്ട് തീയണച്ചെങ്കിലും രാധയും അഭിരിത്തും അതിനകംതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഭിഷേകിനെ പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ അയല്‍വാസികളായ ആനന്ദ്, സത്യമൂര്‍ത്തി എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാഗുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

pathram:
Related Post
Leave a Comment