ലഹരിക്കടത്തില്‍ ബന്ധമുള്ള പ്രശസ്തരെ കുറിച്ച് അന്വേഷണം

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രശസ്തര്‍ക്ക് മയക്കുമരുന്നു കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നാര്‍ക്കോട്ടിക്‌സ് സെല്‍ അന്വേഷണം ആരംഭിച്ചു. 2015 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത ലഹരിമരുന്നു കടത്തു കേസുകളുടെ വിശദവിവരങ്ങള്‍ ശേഖരിക്കാനും തീരുമാനിച്ചു. ഉപയോഗത്തിനായി ചെറിയ അളവില്‍ ലഹരി കൈവശം വച്ച കേസുകള്‍ ഒഴികെ എല്ലാ കേസുകളുടെയും നിലവിലെ അവസ്ഥയും പ്രതികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ഐജി: പി.വിജയനാണ് നാര്‍ക്കോട്ടിക്‌സ് സെല്ലിന്റെ ചുമതല.

കേരളത്തിലേക്കുള്ള ലഹരിമരുന്നു കടത്തിനു പണം ഏതു മാര്‍ഗത്തിലൂടെയാണ് ലഭിക്കുന്നതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്നും അന്വേഷിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു കണ്ടെത്തുന്നതിനാണ് വിവിധ മേഖലകളിലെ പ്രശസ്തരുടെ പങ്ക് അന്വേഷിക്കുന്നത്. സിനിമാ മേഖലയെക്കുറിച്ച് മാത്രമല്ല അന്വേഷണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പുറത്തുനിന്ന് എത്തിക്കുന്ന ലഹരിമരുന്നു വിതരണം ചെയ്യുന്ന കേരളത്തിലെ കേന്ദ്രങ്ങള്‍, കേരളത്തിനു പുറത്തുനിന്ന് ലഹരിമരുന്ന് എത്തുന്ന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ സഹായം തേടും. 2015നു ശേഷം റജിസ്റ്റര്‍ ചെയ്ത ലഹരിമരുന്നു കേസുകള്‍, ഇതിലെ പ്രധാന കേസുകള്‍, എത്രപേര്‍ അറസ്റ്റിലായി, ശിക്ഷ അനുഭവിച്ചവര്‍ എത്ര, കൂട്ടു പ്രതികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ 17 പൊലീസ് ജില്ലകളിലെ നാര്‍ക്കോട്ടിക്‌സ് സെല്ലുകളോട് വിവരം തേടിയിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത കേസുകളുണ്ടെങ്കില്‍ അതിന്റെ വിവരവും വ്യക്തമാക്കണം. സ്ഥിരം കടത്തലുകാരെക്കുറിച്ചുള്ള വിവരങ്ങളും അവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളും അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment