വാഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി കോഴിക്കോട് സ്വദേശിനിയായ യുവതിയടക്കം ഏഴ് പേർ പിടിയിൽ

വാഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേർ പിടിയിൽ. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ലഹരിപദാർത്ഥങ്ങളടക്കം കണ്ടെത്തിയത്.

കോഴിക്കോട് ആയംഞ്ചേരി സ്വദേശി മുഹ്സീനയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുണ്ടെന്നും, ഇവർ ആണ്‍ സുഹൃത്തിനൊപ്പം വാഗമണ്ണിലേക്ക് തിരിച്ചിട്ടുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനപരിശോധന നടത്തിയത്. യുവതിയും സുഹൃത്തുക്കളും വന്ന കാറുകൾ വാഗമണ്‍ പൊലീസ് കണ്ടെത്തുകയും തുടർന്നുള്ള പരിശോധനയിൽ ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.

പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി സ്വദേശി നവീൻ, എറണാകുളം സ്വദേശി ഷിയാദ്, തമിഴ്നാട് സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശി അഖിൽരാജ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. അജ്മൽ മയക്കുമരുന്ന് കേസിൽ മുമ്പും പ്രതിയായിട്ടുണ്ട്. ഇയാൾക്ക് വൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അജ്മൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവരിലേക്കുള്ള അന്വേഷണവും പൊലീസ് തുടങ്ങിക്കഴിഞ്ഞു.

pathram desk 2:
Related Post
Leave a Comment