പത്തനംതിട്ട: കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവര്‍ നൗഫൽ ക്രിമിനൽ കേസിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമൺ. 2018 ൽ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ് പി വിശദീകരിച്ചു.
പ്രതിയുടെ സംസാരം യുവതി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ആരോടുംപറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പ്രതിയെ പിടികൂടിയിരുന്നു. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്നും കൊവിഡ് പരിശോധനക്ക് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ ഇവരും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു.
ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാൻ വേണ്ടിയാണ് അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്.
ഇയാള്‍ സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ആറമ്മുളയിലെ ഒരു ഗ്രൗണ്ടിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്നും എസ്പി വിശദീകരിച്ചു.
കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനിൽക്കേയാണ് ആറമ്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്. ഇതിൽ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായതായാണ് വിവരം.
Leave a Comment