തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം തള്ളി മന്ത്രി തോമസ് ഐസക്ക്. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി ആരോപണം തള്ളിയത്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്‌കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത.
ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ.സി. ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നത്. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍ സ്‌കാന്‍ ചെയ്ത് അയയ്ക്കും. അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്‌കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്. വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എന്തെല്ലാം അഭ്യാസങ്ങള്‍.
Leave a Comment