രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ 10 ശതമാനം വര്‍ധന

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു.

പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന.

ഏറ്റവുമൊടുവിലായി കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ കുടിശിക. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍.

pathram:
Related Post
Leave a Comment