ടോമിൻ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം; പ്രധാനപ്പെട്ട പദവി ലഭിച്ചേക്കും

തിരുവനന്തപുരം: ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. റോഡ് സുരക്ഷാ കമ്മിഷണർ ശേഖർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. നിയമനം പിന്നീട് നൽകും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്.

അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ. തച്ചങ്കരി. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന തച്ചങ്കരി, കെഎസ്ആർടിസിയിലും ക്രൈംബ്രാഞ്ചിലും നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു. കുറേകാലങ്ങളായി വിവാദങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിൽക്കുകയുമാണ്.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 3 വർഷത്തെ സേവനകാലാവധി തച്ചങ്കരിക്ക് ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കൾ.

pathram desk 2:
Related Post
Leave a Comment