സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ചു; എല്ലാം ആസൂത്രിതം; ഹക്ക് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടി

വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ‌ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നതെന്ന് പൊലീസ് പറയുന്നു. രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചിരിക്കുന്നതായി വ്യക്തമായി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് ഇത്തരത്തിൽ ദിശമാറ്റിയതായി കണ്ടെത്തിയത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെയാണ് തടഞ്ഞു നിർത്തി വെട്ടിക്കൊന്നത്. വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ ഇന്ന് കരിദിനം ആചരിക്കും. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് നൽകുന്ന സൂചന. മിഥിലാജിന്റെ നെഞ്ചിലാണ് അക്രമികൾ കുത്തിയത്. ഹക്ക് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടിയാണ് കൊലപ്പെടുത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി.

മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

pathram:
Leave a Comment