ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടും. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറുന്നു’ മന്‍ കി ബാത്തിനിടെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നു. ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു

‘ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ കളിപ്പാട്ട ക്ലസ്റ്ററുകളായിട്ടുണ്ട് അതായത് കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി അത് വികസിക്കുകയാണ്. രാംനഗരത്തിലെ ചന്നപട്ടണം (കര്‍ണാടക), കൃഷ്ണയിലെ കോണ്ടപള്ളി (ആന്ധ്രാപ്രദേശ്), തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബ്രി, യുപിയിലെ വരാണസി എന്നിവ പോലുള്ള നിരവധി സ്ഥലങ്ങളുണ്ട്. പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ നിരവധി പ്രഗത്ഭരായ കരകൗശലപ്പണിക്കാരുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല. കുട്ടികളുടെ സര്‍ഗ്ഗാത്മക പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കര്‍ഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്ന് മോദിയുടെ ആഹ്വാനം ചെയ്തു

pathram:
Leave a Comment