ഓൺലൈൻ ക്ലാസിൽ ഉറങ്ങി വീണു കുരുന്ന്: 2020 ന്റെ പൊതുവികാരം ഇതാണെന്ന് സൈബർ ലോകം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിത രീതികൾ അപ്രതീക്ഷിതമായി മാറി മറിഞ്ഞിരിക്കുകയാണ്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്.സ്കൂളുകളിലും കളി സ്ഥലങ്ങളിലും കൂട്ടുകാരോടൊപ്പം ചിലവഴിക്കേണ്ട സമയമത്രയും വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുകയാണ് അവർ. ഇത്തരം സാഹചര്യങ്ങൾ എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഓൺലൈൻ ക്ലാസിനിടയിൽ പഠിക്കാൻ ഇരുന്ന കസേരയിൽ തന്നെ ഉറങ്ങി വീണുപോയ പോയ ഒരു ബാലനാണ് ചിത്രത്തിലുള്ളത്.

കിൻഡർ ഗാർഡനിൽ പഠിക്കുന്ന മകൻ ക്ലാസിനിടെ ഉറങ്ങുന്നതിന്റെ ചിത്രങ്ങൾ കാര മക്ഡൊവൽ എന്ന വ്യക്തിയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അപ്പോഴും ലാപ്ടോപ്പിൽ ടീച്ചർ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നതായി ചിത്രത്തിൽ കാണാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാരയുടെ പോസ്റ്റ് വൈറലായി മാറി. 2020 എന്ന വർഷത്തിന്റെ പൊതുവികാരം ഇതാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതേ മാനസികാവസ്ഥയിലൂടെയാണ് തങ്ങളും കടന്നുപോകുന്നതെന്ന് പലരും പ്രതികരിക്കുന്നു.

മറ്റുള്ളവരിൽ നിന്നും അകന്ന് ഒറ്റക്കുള്ള ജീവിതം എത്രമാത്രം മടുപ്പുളവാക്കുന്നതാണ് എന്ന് ചിത്രം വിളിച്ചറിയിക്കുന്നുണ്ട്. അതേസമയം നേരിട്ട് കാണാനാവാത്ത അവസ്ഥയിലും കുട്ടികളെ പാഠങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ അധ്യാപകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും അതു കാണാതെ പോകരുതെന്നും ഒരുകൂട്ടർ പ്രതികരിക്കുന്നു. അര ലക്ഷത്തിൽപ്പരം ആളുകളാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്

pathram desk 1:
Leave a Comment