താന്‍ സെക്രട്ടേറിയറ്റ് ഓഫിസില്‍ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും പി.എസ്.സരിത്തും അവിടെ സന്ദര്‍ശിച്ചിരുന്നു

കൊച്ചി : തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയാതെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു കേന്ദ്ര ഏജന്‍സികള്‍ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നല്‍കിയ മൊഴിയാണു ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യം അടിവരയിടുന്നത്. താന്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസില്‍ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും പി.എസ്.സരിത്തും പലതവണ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഈ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്.

താനില്ലാത്തപ്പോള്‍ ആരെക്കാണാനാണു സ്വപ്നയും സരിത്തും എത്തിയതെന്ന് അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ക്യാമറ ദൃശ്യങ്ങള്‍ കാണിച്ചു പ്രതികളെ ചോദ്യം ചെയ്താല്‍ വസ്തുതകള്‍ പുറത്തുവരുമെന്നാണു കേന്ദ്ര ഏജന്‍സികളുടെ പ്രതീക്ഷ.

സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കേരള പൊലീസ് ശ്രമം തുടങ്ങി. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നല്‍കിയ കേസിലും ഐടി വകുപ്പില്‍ ജോലി നേടാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലും ചോദ്യം ചെയ്യാനാണിത്. വ്യാജപരാതി കേസ് ക്രൈംബ്രാഞ്ചും വ്യാജ ഡിഗ്രി കേസ് ലോക്കല്‍ പൊലീസുമാണ് അന്വേഷിക്കുന്നത്.

pathram:
Related Post
Leave a Comment