അധ്യക്ഷയായി തുടരില്ലെന്ന് സോണിയാ ഗാന്ധി; കോണ്‍ഗ്രസ് യോഗത്തിൽ നാടകീയ സംഭവങ്ങൾ

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരില്‍ മുതിര്‍ന്ന നോതാക്കളായ കബില്‍ സിബല്‍ തുറന്ന പോരിനിറങ്ങുകയും ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച് കപില്‍ സിബല്‍ പിന്നീട് രമ്യതയിലെത്തുകയുണ്ടായി.

ഇടക്കാല അധ്യക്ഷപദവിയില്‍നിന്ന് താന്‍ ഒഴിയുകയാണെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതിയോട് ആവശ്യപ്പെടുകയും ചെയ്തതോടെ ഊഹാപോഹങ്ങള്‍ അവസാനിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. കത്തയച്ചവര്‍ ബി.ജെ.പിയുമായി രഹസ്യധാരണയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് രാഹുല്‍ പരാമര്‍ശിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കപില്‍ സിബല്‍ ട്വിറ്ററിലൂടെ പരസ്യമായി രംഗത്തെത്തി.

പാര്‍ട്ടിക്കായി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ സിബല്‍ രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തെത്തി. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി കപില്‍ സിബലിനെ നേരിട്ട് വിളിക്കുകയും താന്‍ അത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് കപില്‍ സിബലും വ്യക്തമാക്കി.

അതേസമയം, കത്തെഴുതിയ 23 നേതാക്കള്‍ക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. കത്ത് അനവസരത്തിലായെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. വിമര്‍ശനത്തിന് പിന്നാലെ കത്തില്‍ ഒപ്പിട്ട മറ്റൊരു മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പ്രവര്‍ത്തക സമിതിയില്‍നിന്ന് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് കത്ത് എഴുതിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു.’ തങ്ങളുടെ കത്ത് ബി.ജെ.പിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രവര്‍ത്തക സമിതിക്ക് പുറത്തുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. ആ നേതാക്കള്‍ കഴിയുമെങ്കില്‍ ആരോപണം തെളിയിക്കുക. ഞാന്‍ രാജിവെയ്ക്കും’ ഗുലാം നബി ആസാദ് ട്വിറ്ററില്‍ വ്യക്തമാക്കി.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടന്നുവരുന്നത്. പ്രവര്‍ത്ത സമതിയില്‍ ഇതുവരെ സംസാരിച്ച ഭൂരിപക്ഷം അംഗങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരണമെന്നാണ് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യങ്ങളും സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിക്കുകയും ചെയ്ത സ്ഥിതിക്ക് രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്കെത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

pathram:
Leave a Comment