മുംബൈ എയര്‍പോര്‍ട്ടിന്റെ 74% ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 50.5ശതമാനം ഓഹരികളും ജിവികെ ഗ്രൂപ്പില്‍നിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26ശതമാനവും സൗത്ത് ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് കമ്പനിയ്ക്ക് 10ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5ശതമാനം ഓഹരികളുമാണുള്ളത്.

ഇതോടെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റര്‍മാരായി അദാനി ഗ്രൂപ്പ് മാറി. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേയ്ക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment