മുഖ്യമന്ത്രി തന്നെയാണ് പ്രതി… സീനിയര്‍ മാന്‍ഡ്രേക് ആണെന്നും കെ എം ഷാജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതിയെന്ന് കെ.എം. ഷാജി. വി.ഡി. സതീശന്‍ എംഎല്‍എ അവതരിപ്പിച്ച് അവിശ്വാസ പ്രമേയത്തെ പിന്താങ്ങി നിയമസഭയില്‍ സംസാരിക്കവെയാണ് കെ.എം. ഷാജിയുടെ പരമാര്‍ശം. സൈബര്‍ ഗുണ്ടകളെ സിപിഎം മര്യാദ പഠിപ്പിക്കണമെന്നും ഷാജി പറഞ്ഞു.

പത്തു ലക്ഷം മലയാളികള്‍ക്ക് അഭയം കൊടുക്കുന്ന യുഎഇയെയാണ് നിങ്ങളിവിടെ കൊണ്ടുവന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ അന്വേഷണ ഏജന്‍സികളും പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് മുഖ്യമന്ത്രിയില്ലാതെ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല മുഖ്യമന്ത്രിയാണ് പ്രതി, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവുമാണ്. ഇടയ്ക്കിടയ്ക്ക് പറയും മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ലെന്ന്. ഇപ്പഴത്തെ ഒരു കള്ളനും മടിയില്‍ കനം വയ്ക്കില്ല. ഓഫിസില്‍ കൊണ്ടുപോയി കൊടുക്കുകയാണ്. നാട്ടില്‍ പല കള്ളന്മാരെയും പിടിക്കുന്നത് അവരുടെ ബന്ധുക്കള്‍ സാധനം വില്‍ക്കാന്‍ അങ്ങാടിയില്‍ വരുമ്പോഴാണ്. ഇവിടെയും പിടിച്ചത് അങ്ങനെയാണ്.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ ഓടുന്നുണ്ട്. അതില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് ആണെന്നാണ്. എന്നാല്‍ ഈ നാലു വര്‍ഷത്തെ ഭരണത്തില്‍ നിന്നു പറയട്ടെ നിങ്ങള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല, സീനിയര്‍ മാന്‍ഡ്രേക് ആണ്. ‘ കെ.എം. ഷാജി നിയമസഭയില്‍ പറഞ്ഞു.

കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് ജലീല്‍. ഖുറാന്‍ തിരിച്ചു കൊടുക്കാന്‍ ഒരുക്കമാണെന്നാണ് ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാലും സ്വര്‍ണ കൊടുക്കില്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. ഇവിടെ വേറെ രണ്ടു മന്ത്രിമാരുണ്ട്, ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും വൈകുന്നേരം വരും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും, എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസമുട്ടാണത്രേ കോവിഡിന്റെ ഒരു പ്രശ്‌നമെന്ന് പറയുന്നത്, അതുകൊണ്ട് ശ്വാസം വിട്ട് പരിശീലിക്കുകയാണ്. മന്ത്രി സുധാകരന്‍ പറയുന്നത് ഇപ്പോള്‍ ദുര്‍ഗന്ധമെല്ലാം പോയി, സുഗന്ധമാണ് ഉള്ളതെന്നാണ്. നാലു കൊല്ലം ഈ അഴിമതിയുടെ നാറ്റം സഹിച്ചിട്ട് ഇപ്പോള്‍ നിങ്ങള്‍ക്കിത് സുഗന്ധമായി അനുഭവപ്പെടുകയാണെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അത് അങ്ങനെയല്ല തോന്നുന്നത്.

ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ടോ, കക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പണ്ട് പാര്‍ട്ടി ഓഫിസുകളില്‍ പഠിപ്പിച്ചിരുന്നത് ദാസ് ക്യാപ്പിറ്റലും, കമ്മ്യൂണിസവുമൊക്കെയാണ്. എന്നാല്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണമാണ്. എങ്ങനെ കളവു നടത്തണം, എങ്ങനെ പ്രളയ ഫണ്ട് അടിച്ചുമാറ്റാം എന്നൊക്കെയാണ്. നാട്ടിന്‍ പുറങ്ങളില്‍ പറയാറുണ്ട് ശര്‍ക്കര കുടത്തില്‍ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? റേഷന്‍ ചാക്കിലെ ശര്‍ക്കര വാങ്ങിയതില്‍ അഴിമതി നടത്തിയ ആളുകളാണ് നിങ്ങള്‍.

യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തുണ്ടാകും. അവര്‍ സ്വേച്ഛാധിപതികളാണെന്നാണ് ചരിത്രം പറയുന്നത്. പൗരന്മാരെ ജയിലിലടയ്ക്കാതെ അവരുടെ ഭരണാവകാശങ്ങള്‍ എങ്ങനെ തടവറയില്‍ വയ്ക്കാമെന്ന് ആ ഭരണാധികാരികള്‍ക്ക് അറിയാം. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കോവിഡ് എന്ന ദുരന്തത്തിന്റെ മറവില്‍ ആഘോഷിക്കുകയാണ് കേന്ദ്രവും കേരളവും.

വിമാനത്താവളം വിറ്റത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. നിങ്ങള്‍ അറിഞ്ഞില്ലാരിക്കാം, പക്ഷേ കുടുംബക്കാര്‍ പൈസയൊക്കെ അടിച്ചുമാറ്റി പോയിട്ടുണ്ട്. കെ.എം. ഷാജി പറഞ്ഞു.

pathram:
Leave a Comment