സ്വപ്‌നയും ശിവശങ്കറും ഇന്ത്യന്‍ ബഹിരാകാശ വിവരങ്ങള്‍ ചോര്‍ത്തി..? റിപ്പോര്‍ട്ട് ചെയ്തത് സിപിഐ മുഖപത്രം

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്ക് വിറ്റതായി സംശയിക്കുന്നതായി സി.പി.ഐ. മുഖപത്രം ജനയുഗം. ഓഗസ്റ്റ് 23ലെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത. ജനയുഗത്തിലെ വാര്‍ത്ത പരാമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ഇന്ന് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടെ ആണെന്ന് എന്‍.ഐ.എ. കണ്ടെത്തിയെന്നാണ് വിവരമെന്നും റിപ്പോര്‍ട്ട് പറയുന്നു.

റോയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇത് സംബന്ധിച്ച വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറിയതായും ഇതിനു പിന്നാലെ എന്‍.ഐ.എയുടെ അഞ്ചംഗ സംഘം അന്വേഷണത്തിനായി ദുബായില്‍ എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബെംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ശിവശങ്കറും സ്വപ്‌നയും ഐ.എസ്.ആര്‍.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞരുമായി ബി.ഇ.എല്‍. റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രതിരോധ തെളിവുകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍.ഐ.എ സംഘം ദുബായില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram:
Related Post
Leave a Comment