ദീര്‍ഘ കോവിഡ്: ഒഴിയാബാധയാകുന്നോ ?

കോവിഡ് രോഗമുക്തരായി മൂന്നു മാസങ്ങള്‍ക്കു ശേഷവും ചിലരില്‍ രോഗലക്ഷണങ്ങള്‍ തുടരുന്നതായി ആരോഗ്യ വിദഗ്ധര്‍. ദീര്‍ഘ കോവിഡ്(ലോങ്ങ് കോവിഡ്) എന്നു വിളിക്കുന്ന ഈ അവസ്ഥ വെറും ഉത്കണ്ഠ കൊണ്ട് ഉണ്ടാകുന്നതല്ലെന്നും ഇതൊരു യാഥാര്‍ഥ്യമാണെന്നും ഇംഗ്ലണ്ടിലെ നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഗവേഷകര്‍ നടത്തിയ പഠനം തെളിയിക്കുന്നു.

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളില്‍ 75 ശതമാനത്തിനും ദീര്‍ഘ കോവിഡ് കാണപ്പെടുന്നുണ്ടെന്ന് ഇവരുടെ പഠനം വെളിപ്പെടുത്തുന്നു.

ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ നിന്ന് കോവിഡ് മുക്തരായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട 110 രോഗികളില്‍ 81 പേര്‍ക്കും ഇപ്പോഴും ചില രോഗലക്ഷണങ്ങള്‍ തുടരുന്നതായി പഠനം ചൂണ്ടിക്കാട്ടി. ശ്വാസതടസ്സം, പേശീവേദന, അമിതമായ ക്ഷീണം തുടങ്ങിയവയെല്ലാം ഈ കോവിഡ് രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല രോഗികളും മറ്റുള്ളവരെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. പലരും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍തന്നെ ബുദ്ധിമുട്ടുന്നു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഗവേഷണം തുടരാനും രോഗമുക്തരുടെ രക്തപരിശോധന ഫലം, പുനരധിവാസ തെറാപ്പി, മാനസിക പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാനുമാണ് ട്രസ്റ്റ് തീരുമാനിച്ചിട്ടുള്ളത്.

രോഗലക്ഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇവരുടെ എക്‌സ്‌റേ റിപ്പോര്‍ട്ടിലും ശ്വസന പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ബ്രിട്ടനിലെ അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ദീര്‍ഘ കോവിഡ് കാണപ്പെടുന്നുണ്ടെന്ന് കരുതുന്നു. എന്നാല്‍ പല ഡോക്ടര്‍മാരും ഇത് ഉത്കണ്ഠ മൂലമാണെന്ന് കരുതി അത്ര കാര്യമാക്കാറില്ലെന്നും ലോങ്ങ് കോവിഡ് സപ്പോര്‍ട്ട് ഗ്രൂപ്പ് സ്ഥാപക ക്ലയര്‍ ഹാസ്റ്റി ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ഒരിക്കലും വിട്ടൊഴിയാത്ത ഒഴിയാ ബാധയാണോ കോവിഡ് എന്നറിയാന്‍ കൂടുതല്‍ പഠനം ഈ മേഖലയില്‍ ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

pathram desk 1:
Leave a Comment