ബി.ജെ.പി എം.എൽ.എ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് അയല്‍ക്കാരിയായ യുവതിയുടെ പരാതി

ഡെറാഡൂൺ: ബി.ജെ.പി എം.എൽ.എ മഹേഷ് നേഗി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന അയൽക്കാരിയുടെ പരാതിയെ തുടർന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി പ്രതിരോധത്തിൽ. കഴിഞ്ഞ ദിവസം മഹേഷ് നേഗി ഉൾപ്പെടെ നാലു പേർക്കാണ് പാർട്ടി നോട്ടീസ് നൽകിയത്. എം.എൽ.എമാർ ഈയിടെ വിവിധ ആരോപണങ്ങളിൽ കുടുങ്ങുന്നത് ബി.ജെ.പിക്ക് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പീഡനകേസിൽ ആരോപണ വിധേയനായ മഹേഷ് നേഗി, ദേശ് രാജ് കരൺവാൾ, പൂരൺ സിങ് ഫോർട് യാൽ, കുൻവർ പ്രണവ് സിങ് ചാമ്പ്യൻ എന്നിവർക്കാണ് കത്തു നൽകി ഹാജറാകാൻ നിർദ്ദേശിച്ചത്. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജോജു, ജോയിന്‍റ് സെക്രട്ടറി ശിവ് പ്രകാശ് എന്നിവർ സംസ്ഥാന ഘടകവുമായി വിഷയം ചർച്ച ചെയ്യും. ഇവർ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവരടങ്ങിയ പാർടി കോർ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി ഡെറാഡൂണിലുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ഡെറാഡൂൺ ജില്ലയിലുള്ള സ്ത്രീ മഹേഷ് നേഗി പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേഗിയുടെ ഭാര്യ ഇരക്കെതിരെ ബ്ലാക് മെയിൽ ആരോപിച്ചും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് സംഭവത്തിന് ദേശീയ പ്രാധാന്യം കൈവന്നിരുന്നു.

2016 മുതൽ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി മഹേഷ് നേഗി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്തു പറയാതിരിക്കാന്‍ എം.എൽ.എയുടെ ഭാര്യ 25 ലക്ഷം വാഗ്ദാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. നെഹ്റു കോളനി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. മഹേഷ് നേഗിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ മുൻ ഭർത്താവിന്‍റെ മൊഴിയും രേഖപ്പെടുത്തി. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്ന യുവതിയുടെ ആവശ്യവും അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, മഹേഷ് നേഗി ഡി.എൻ.എ പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡി.എൻ.എ പരിശോധന എന്നത് നിയമപരമായ പ്രക്രിയയാണ്. സര്‍ക്കാറിന് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഡാൻസ് പാർടിക്കിടെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തെ തുടർന്നാണ് പ്രണവ് സിങ് ചാമ്പ്യനെ ആറു വർഷത്തേക്ക് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മറ്റു രണ്ടു എം.എൽ.എമാരായ കരൺവാലിനും ഫോർട് യാലിനും പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് നോട്ടീസ് നൽകിയത്.

pathram:
Leave a Comment